പതിനാല് വർഷങ്ങൾക്കുമുൻപ് എന്റെ പ്ലസ്ടുക്കാലത്ത് ,സുഹൃത്തിൽ നിന്നാണ് രാമേശ്വരം എന്ന സ്ഥലം മനസ്സിൽക്കേറിയത് ...തുടർന്ന് പല സിനിമകളിലും കണ്ട ധനുഷ്കോടിയും ......ഈ കഴിഞ്ഞ വേനലവധിക്കാലത്ത് വല്യമ്മയോടും അമ്മയോടുമൊപ്പം യാത്ര അങ്ങോട്ടേക്കാക്കി ....
തൃശ്ശൂരിൽ നിന്നും മെയ് 28ന് വൈകീട്ട് 6മണിക്കാണ് യാത്ര ആരംഭിച്ചത്.കംപാർട്മെന്റിൽ ഉള്ള ഭൂരിഭാഗവും രാമേശ്വരം യാത്രക്കാർ തന്നെ ...കോട്ടയത്ത് നിന്നും വരുന്ന ഒരു അമ്മയായിരുന്നു ഞങ്ങളുടെ സീറ്റിന്നടുത്ത് ....അവരുടെ കൂടെ ഉള്ളവരുടെ സീറ്റ് കുറച്ചു മാറി ആയതിനാൽ അമ്മയ്ക്കും വല്യമ്മക്കും സംസാരിച്ചിരിക്കാൻ ഒരു കൂട്ടുമായി .....മനസ്സുനിറയെ കാലങ്ങളായി ആഗ്രഹിച്ച യാത്രയുടെ സുഖമായിരുന്നു ....
29 ന് വെളുപ്പിന് നാലുമണിയോടെ രാമേശ്വരത്തെത്തി ...ഹോട്ടൽ തമിഴ്‌നാടുവിലായിരുന്നു താമസം...അവിടുത്തെ ഭക്ഷണവും ,സ്റ്റാഫിന്റെ സമീപനവും എടുത്തുപറയേണ്ടതുതന്നെ ..കടലോരത്താണ് ഹോട്ടൽ . സൂര്യോദയമായിരുന്നു രാവിലെ ജനലിലൂടെ കണ്ട ആദ്യ രാമേശ്വരക്കാഴ്ച .
ഹോട്ടലിൽനിന്നും നൂറുമീറ്ററോളമേ ഉള്ളു ക്ഷേത്രത്തിലേക്ക് . 6.30മണിയോടെ ക്ഷേത്രത്തിലേക്കിറങ്ങി.നടന്നുപോകുംവഴിയിലാണ് അഗ്നിതീർത്ഥം .പിതൃക്കൾക്കുവേണ്ടി ബലിതർപ്പണത്തിനായി അവിടം ആളുകളാൽ നിറഞ്ഞിരുന്നു .ക്ഷേത്ര നിർമ്മിതി ഒരു വിസ്മയം തന്നെ - തീർഥക്കിണറുകളും , ഇടനാഴികളും ....... രണ്ടുമണിക്കൂറോളം സമയമെടുത്തു ക്ഷേത്രം ഒന്ന് കണ്ടു തീരാൻ....(മുഴുവൻ കണ്ടോ എന്നത് സംശയം )
ക്ഷേത്രത്തിൽ നിന്നും വേഗം ഇറങ്ങിയത് അടുത്ത ലക്ഷ്യമായ ധനുഷ്കോടിയിൽ പെട്ടന്ന് എത്തണം എന്നതുകൊണ്ടുതന്നെ ....ഹോട്ടലിൽ നിന്നും ഏർപ്പെടുത്തിത്തന്ന പ്രകാശിന്റെ കാറിൽ ഏകദേശം അരമണിക്കൂർകൊണ്ട് ധനുഷ്കോടിയിൽ എത്തി .തമിഴ് ഗ്രാമീണസിനിമകളിൽ ഒക്കെ കണ്ടുശീലിച്ച തുരുമ്പെടുത്ത ഒരു വാനിൽ അവിടെനിന്നും കടലിലൂടെ പ്രേതനഗരത്തിലേക്ക്. പതിനഞ്ചോളം ആളുകൾ ഉണ്ടായിരുന്നു വാഹനത്തിയിൽ .1964ലെ ചുഴലിക്കാറ്റിൽ തകർന്ന റെയിൽവേ സ്റ്റേഷനും പള്ളിയും ഒക്കെ കാമറയിൽ പകർത്തുമ്പോളും ,ചെറുതായി വീശുന്ന കാറ്റിൽ അടക്കിപ്പിടിച്ച ഏങ്ങലുകൾ കേൾക്കുന്നപോലെ ...
വായിച്ചറിഞ്ഞ രാമായണകഥ നേരിട്ടുകണ്ടപോലെയായിരുന്നു നഗരത്തിലെ ഓരോ ക്ഷേത്രകാഴ്ചകളും ...Dr.A.P.Jഅബ്ദുള്കലാമിന്റെ ഭവനവും,പണി നടന്നുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മകുടീരവും പഞ്ചമുഖഹനുമാൻ ക്ഷേത്രവും പാമ്പൻ പാലവും കണ്ട് വൈകീട്ട് ചെറിയൊരു ബോട്ട് യാത്രയും നടത്തി യാത്രയുടെ അന്ത്യ ഘട്ടത്തിലേക്ക് ..
രാത്രി പത്തുമണിക്കാതെ ട്രെയിനിൽ തിരിച്ച് നാട്ടിലേക്ക് ...തലേന്ന് ട്രെയിനിൽ കണ്ട ഒരു വിധം എല്ലാ ആളുകളും അന്നും ഉണ്ട് ...കോട്ടയത്തുനിന്നും വന്ന ആ അമ്മയും ഞങ്ങളുടെ സീറ്റിനടുത്തുതന്നെ ആയിരുന്നു ....രാവിലെ 8 ന് തൃശൂർ സ്റ്റേഷനിൽ ഇറങ്ങുമ്പോളും മനസ്സിൽ മായാതെ ,നിഗൂഢതകൾ ബാക്കിവെച്ച ആ പ്രേതനഗരമായിരുന്നു
..............
ശരത് .കെ .എസ്










