Thursday, February 03, 2011

നിലക്കണ്ണാടിയിലെ പ്രതിബിംബങ്ങള്‍


എന്റെ ആകാശത്ത് നക്ഷത്രങ്ങളായിരുന്നു,
അവന്റെ ആകാശത്ത് നിലാവും...
തുറന്ന ജാലകവെളിയില്‍ അവനുണ്ടായിരുന്നു,
പ്രണയനക്ഷത്രങ്ങളും കണ്ട്...
മഴനൂല്‍ നുകരുംപോല്‍ മ്രുദുസ്പര്‍ശം,
നിലക്കണ്ണാടിയില്‍ തെളിഞ്ഞ ചിത്രത്തിന്‍
കവിളില്‍ ചുവപ്പ്...
നീലാംബലിനെ പ്രണയിച്ച മനസ്സില്‍‌
ആമ്പല്‍പൂക്കള്‍ വിരിയിക്കും പ്രണയം.
മഴപടര്‍ത്തിയ വാക്കുകളും കൊണ്ടൊരു-
കടലാസ്,കറുത്ത സന്ധ്യയിലെത്തുംവരെ-
യറിഞ്ഞിരുന്നില്ല "അനാഥത്വം..."
ഇരുട്ടില്‍ അലച്ചുപെയ്യും തുലാവര്‍ഷം;
ജനല്‍ കടന്നെത്തുന്ന തണുത്ത കാറ്റ്;
നക്ഷത്രങ്ങള്‍ പൊലിഞ്ഞ ആകാശം;
ഇതളടരുന്ന നീലാംബല്‍;
കൈ  വെള്ളയില്‍ ചുവപ്പുരാശി
പടരുംവരെ അറിയാം,
പിന്നെ...
കാലക്കുത്തൊഴുക്കില്‍
ആറ്റിന്‍ മറുകരെ നീയെന്നെനോക്കി...
തുഴയില്ലാത്ത തോണിയില്‍ ഞാനും...
ഉടഞ്ഞ കണ്ണാടിച്ചില്ലുകളില്‍
പ്രതിബിംബങ്ങള്‍ തെളിഞ്ഞില്ല.
തുലാവര്‍ഷ മഴയില്‍
പ്രണയപ്പനി പടര്‍ന്നില്ല.
മഴ ചാറുന്ന രാത്രികളില്‍
ഞാനെന്നെ മറന്നില്ല.
മുഖംമൂടിയും ധരിച്ച്
മുഖമില്ലാതെ ഞാനും.

No comments: