Thursday, February 03, 2011

ഒരു രാത്രിയുടെ അന്ത്യത്തില്‍ സംഭവിക്കാവുന്നത്...














ടൈംപീസിന്റെ
ശബ്ദം എന്നെവളരെയധികംഭയപ്പെടുത്തുന്നു.ഒരിക്കലും സൂചികള്‍ ഇത്ര വേഗത്തില്‍ചലിച്ചിട്ടില്ല.ഞാന്‍ ഊര്‍ന്നുപോയപുതപ്പ് കയറ്റിയിട്ടു.നേര്‍ത്ത നിലാവ്ജനലിലൂടെ കടന്നുവരുന്നുണ്ട്. ഉറങ്ങണം,ശരിക്കും........പക്ഷേമനസ്സിനെ ആരോ കുരുക്കിട്ട്വലിക്കുംപോലെ.

ചായ്പ്പിലിരുന്ന് അമ്മാവന്‍ രാമായണം വായിക്കുന്നുണ്ട്. രാത്രിയില്‍!!!ഒട്ടും അതിശയോക്തിവേണ്ട.മക്കളുപേക്ഷിച്ച വ്ര്‌ദ്ധര്‍ക്ക് രാത്രികള് ‍ഇങ്ങിനേയും തള്ളിനീക്കാം.പലരും പറഞ്ഞുപഴകിയതുകൊണ്ട് ഇടയ്ക്ക് വരാറുള്ളതും പിന്നീട് നിലച്ചതുമായ അവരുടെ കത്തുകള്‍ അപ്രസക്തവുംനിശ്ശബ്ദം നമുക്കവ മറക്കാം. വായനയെ പലരും കളിയാക്കിയിട്ടുണ്ട്-വല്യമ്മ,അമ്മ....എന്തിന്,ഞാനടക്കം.ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന സുമതിയമ്മായിയുടെ ചിത്രത്തിലെ നീണ്ട കണ്ണുകളിലേയ്ക്ക്നോക്കി അന്നേരമെല്ലാം അമ്മാവന്‍ നിസ്സംഗതയോടെ ചിരിക്കും...

"ഓള്ണ്ടായിരുന്നെങ്കി എന്ത് നന്നായിരുന്നൂ... നശിച്ച അടുക്കളപ്പണി....ഞാന്‍ തോറ്റു" അമ്മഇടയ്ക്കിടയ്ക്ക് പറയാറുണ്ട്.

"എന്റെ കയ്യൊക്കെ ....ദേ, തൊലിയിളകിയിരിക്കണൂ..."

ഇന്നലെകള്‍ പൊഴിഞ്ഞ ഇലകള്‍ പോലെ എന്നെ നോക്കുന്നു.അവയില്‍ സ്നേഹത്തിന്റെ മധുരവുംകയ്പ്പും ഉണ്ട്.തിരിച്ചുവരവിന്റെ പ്രവചിക്കാനകാത്ത വികാരവും.

'ഇന്നില്‍ നാളെകള്‍ ഉറങ്ങുന്നു' ആരുടെ വാക്കുകള്‍?

എനിക്ക് വ്യക്തമായി കാണാം-നിന്നേയും പിന്നെ ഓരോ മുഖങ്ങളും.എന്നും ചിരിക്കുന്ന നീ ....നനഞ്ഞപീലികള്‍ തുടയ്ക്കുവാന്‍ ശ്രമിക്കുന്നു,അല്ലേ?നിന്റെ വെളുത്ത പല്ലുകള്‍ എന്നെ എപ്പോഴുംഅസൂയപ്പെടുത്തിയിട്ടുണ്ട്.മഞ്ഞ പല്ലുകള്‍ പുറത്തുകാട്ടി ചിരിക്കാതിരിക്കാന്‍ശ്രദ്ധിച്ചിട്ടുമുണ്ട്.പക്ഷേ,എനിക്കിപ്പോള്‍ ചിരി വരുന്നു,ഒരു സാഡിസ്റ്റിന്റെ ചിരി....!

ഇന്നലെകള്‍- നിന്റെ ഓരോ വാക്കും എന്റേതെന്ന് കരുതിയ നാളുകള്‍.സ്വാര്‍ത്ഥനായിരുന്നുഞാന്‍...ഒരുപാട്...എല്ലാം എനിക്ക് വേണമെന്ന് ശഠിക്കുന്ന....മണ്ണില്‍ മൂടിയ എത്ര ഓര്‍മ്മകള്‍.

കരിയിലകള്‍ വീണ ഇടവഴിയിലൂടെ കാലുരച്ച് സ്കൂളിലേയ്ക്ക് നടക്കുമ്പോള്‍ ഒരിക്കല്‍ നീ പറഞ്ഞു

"നാഗരികത ഗ്രാമത്തേയും കൊല്ലും.... ഭൂമിയില്‍ നിന്നും നദികള്‍ അപ്രത്യക്ഷമാകും പോലെ,

അങ്ങിനെയെല്ലാം

ഇടവഴിയും....വേണ്ട,

ഈയിടവഴി,ഇതിവിടെത്തന്നെ വേണം അല്ലേ...?"

'വേണം...."

പച്ചപ്പായല്‍ നിറഞ്ഞ മതിലിനിപ്പുറം നിന്ന് ഞന്‍ നിന്നോട് പറഞ്ഞ നീലക്കണ്ണുള്ള പാവക്കുട്ടിയുടെ കഥനീയോര്‍ക്കുന്നുണ്ടോ?-വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയമ്മയുടെ കത്ത് വന്നത്-

"നാളെ ഉണ്ണിമോള്‍ടെ പിറന്നാളാണ്....രണ്ടാം പിറന്നാള്‍.... വരണം...തീര്‍ച്ചയായും....എല്ലാം,എല്ലാംമറന്ന്...."

എല്ലാ പിണക്കങ്ങള്‍ക്കും അന്ത്യവിരാമമിട്ടുകൊണ്ടുള്ള കത്ത് വല്യമ്മയുടെ കയ്യിലാണുകിട്ടിയത്.ബന്ധങ്ങളിലെ താളപ്പിഴകള്‍ അനുഭവിച്ചറിഞ്ഞ അവര്‍ അന്നും ഒരുപാട് കരഞ്ഞു.

പിറന്നാള്‍ സമ്മാനവുമായി അന്നാദ്യം അനുജത്തിയെ കാണുവാന്‍ പോകുമ്പോള്‍ ഞാനോര്‍ത്തു

'അച്ഛന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടയാള്‍ അമ്മയെപ്പിരിഞ്ഞ് പോയപ്പോള്‍പ്പോലും ഞാനിത്രകരഞ്ഞിട്ടില്ല...പക്ഷേ, കത്ത്....വരണം,തീര്‍ച്ചയായും....എല്ലാം,എല്ലാം മറന്ന്...'വാക്കുകള്‍മനുഷ്യനൊരനുഗ്രഹമാണ്.

ബന്ധങ്ങള്‍ ആരെയെല്ലാമോ വരിയുന്ന ചങ്ങലകള്‍.........പിന്നീട് വേദനകള്‍ മാത്രം നല്കുവാനായി.....

എനിക്കൊരേട്ടന്‍ വേണം.....എന്നും തല്ലുകൂടുവാന്‍ .അമ്മ ചിരിച്ചുതള്ളാറുണ്ട്.ഒടുവിലാണൊരേട്ടനെഎങ്ങിനെ ദത്തെടുക്കാം എന്ന ചിന്ത എന്നിലുണര്‍ന്നത്.എവിടെ നിന്ന്....പക്ഷേ,വേണം....

ഇന്ന് നീയുണ്ട്.....നാളെ...സൌഹ്ര്^ദങ്ങള്‍ക്ക് അതിര്‍വരമ്പുകളുണ്ടത്രേ- കാലത്തിന്റെ,പിന്നെയെന്തിന്റെയെല്ലാമാണാവോ?

ഓര്‍മ്മകളുടെ താളുകള്‍ പുതിയ ചിത്രങ്ങള്‍ക്കും വരികള്‍ക്കുമായി കാത്തുനില്‍ക്കുന്നു.നാളെ സ്ക്കൂളില്‍എല്ലാവരും ഒത്തുചേരുന്ന അവസാന ദിവസം.....എന്റെ ഹ്ര്^ദയത്തില്‍,പ്രിയ കൂട്ടുകാരാ നീ നിന്റെനീണ്ട കൈവിരല്‍കൊണ്ട് ഒരു വരിയെഴുതാമോ....?

ഞാന്‍ കത്തുകളെഴുതാം,ഒരുപാട്-നീല നിറത്തില്‍,കുനു കുനെ,മഞ്ഞ പേപ്പറില്‍-തുടങ്ങിയ വിഫലമായപ്രതിജ്ഞകള്‍ പ്രഹസനങ്ങളായി നാളെ ഒരുപാട് പേര്‍ കൈമാറും.

വേണ്ട....ആരും പിരിയേണ്ട.....ആരും......എന്നും എല്ലാവരും ഒന്നിച്ച്.....നീയും ഞാനുമൊത്ത്.....

ഞാന്‍ ടൈംപീസെടുത്തെറിഞ്ഞു.കാലം ഇനി ചലിക്കരുത്.നാളെകള്‍ ഉണരരുത്.ചില്ലുകഷണങ്ങള്‍കിലുകിലെ ശബ്ദത്തോടെ ചിതറിവീണു..

"എന്തായീ രാത്രീല്......?"

പാതിചാരിയ വാതില്‍തുറന്ന് വല്യമ്മ ചോദിച്ചു.

"കുട്ടീ.....നിനക്കെന്താ ഭ്രാന്തായോ....?"

"ആയോ?"സ്വയം ചോദിച്ചുകൊണ്ട് മഞ്ഞപ്പൂക്കള്‍ തുന്നിയ പുതപ്പിനടിയിലേയ്ക്ക് ഞാന്‍ ഒന്നുകൂടിവലിഞ്ഞു.....
.

-----------------------------------------------------------------------------------------------

No comments: